ഗ്രോ ബാഗിലെ വളപ്രയോഗം – List Of Organic Fertilizers For Grow Bag
മട്ടുപ്പാവ് തോട്ടത്തില്‍ നിന്നും മികച്ച വിളവു നേടുവാന്‍ എന്തൊക്കെ ചെയ്യണം – ഗ്രോ ബാഗിലെ വളപ്രയോഗം
ഗ്രോ ബാഗ് , നടീല്‍ മിശ്രിതം , കൊക്കോ പീറ്റ് ഉപയോഗിച്ചുള്ള കൃഷി രീതി , ഇവയൊക്കെ നേരത്തെ തന്നെ പറഞ്ഞതാണ്. ഇനി നമുക്ക് ഗ്രോ ബാഗിലെ വളപ്രയോഗം എങ്ങിനെയെന്ന് നോക്കാം. രാസ വളവും കീടനാശിനിയും ടെറസ്സ് കൃഷിയില്‍ പാടെ ഒഴിവാക്കണം എന്ന് നേരത്തെ സൂചിപ്പിച്ചതാണല്ലോ, ടെറസിനു കേടു വരാതെ സൂക്ഷിക്കാന്‍ ആണ് ഈ മുന്‍കരുതല്‍.
ഗ്രോ ബാഗില്‍ നടീല്‍ മിശ്രിതം നിറയ്ക്കുമ്പോള്‍ കുറച്ചു ഉണങ്ങിയ കരിയില കൂടി ചേര്‍ത്ത് നിറയ്ക്കുന്നത് നല്ലതാണ്. കരിയില പതുക്കെ പൊടിഞ്ഞു മണ്ണോടു ചേര്‍ന്ന് ചെടിക്ക് വളമാകും. കൂടാതെ ഉണങ്ങിയ ചാണകപ്പൊടി , ഉണങ്ങിയ ആട്ടിന്‍ കഷ്ട്ടം , കുറച്ചു എല്ലുപൊടി , വേപ്പിന്‍ പിണ്ണാക്ക് ഇവ കൂടി ചേര്‍ക്കാം. ഇവയൊക്കെ ചേര്‍ത്താല്‍ അത്യാവശ്യം നല്ല വളം ആയി. ഇനി ഇടയ്ക്കിടെ ചെടിയുടെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ വേണ്ടവ നല്‍കാം.
Video
കൃഷി തുടങ്ങി ആദ്യ ഒന്ന്-രണ്ടാഴ്ച വള പ്രയോഗം വേണ്ടെന്നു വെക്കാം, അതായതു വിത്ത് മുളച്ചു തൈ ആകുന്ന സമയം. ഈ സമയം കൃത്യമായ ജലസേചനം ഒക്കെ ചെയ്തു ചെടി ആരോഗ്യത്തോടെ വളരാന്‍ അവസരം ഉണ്ടാക്കുക. വേണമെങ്കില്‍ ഈ സമയം ആഴ്ചയില്‍ ഒരു തവണ സ്യുഡോമോണസ് ലായനി ഒഴിച്ച് കൊടുക്കാം (സ്യുഡോമോണസ് ഇരുപത് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍). സ്യുഡോമോണസ് അടുത്തുള്ള വളം വില്‍ക്കുന്ന കടകളില്‍ ലഭ്യമാണ്. സ്യുഡോമോണസ് തപാലില്‍ ലഭിക്കുന്നതാണ്, അതിനായി ഇവിടെ നോക്കുക, സ്യുഡോമോണസ് തപാലില്‍ .
ഫിഷ് അമിനോ ആസിഡ് പോലെയുള്ള ദ്രവ രൂപത്തിലുള്ള വളങ്ങള്‍ ആഴ്ചയില്‍ ഒരു തവണ ചെടിയുടെ ചുവട്ടില്‍ ഒഴിച്ചും, ഇലകളില്‍ തളിച്ചും കൊടുക്കാം. വീട്ടില്‍ വാങ്ങുന്ന മത്തിയുടെ വേസ്റ്റ് ഉപയോഗിച്ചു വളരെ എളുപ്പത്തില്‍ ഫിഷ് അമിനോ ആസിഡ് അഥവാ മതി പ്രോട്ടിന്‍ തയ്യാറാക്കാം. ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കുന്ന വിധം ഇവിടെയുണ്ട്. പ്രയോഗിക്കുമ്പോള്‍ ഏകദേശം ഇരുപത് മുതല്‍ നാല്‍പ്പതു ശതമാനം വരെ ഇരട്ടി വെള്ളം ചേര്‍ത്ത് വേണം ഒഴിച്ച്/തളിച്ച് കൊടുക്കാന്‍ .
കടല പിണ്ണാക്ക്
ചെടികള്‍ക്ക് ഏറ്റവും ആവശ്യമായിട്ടുള്ളത് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് (എന്‍.പി.കെ) എന്നിവയാണ്. ഇവ ധാരാളം അടങ്ങിയവയാണ് കടല പിണ്ണാക്ക്. പലചരക്ക് സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ കടല പിണ്ണാക്ക് ലഭിക്കും, വില ഏകദേശം കിലോയ്ക്ക് 40 രൂപയാണ്. ഒരു ചെടിക്ക് 25-50 ഗ്രാം ഒരു തവണ കൊടുക്കാം. വെറുതെ മുകളില്‍ ഇടരുത്, ഉറുമ്പ് എടുത്തു കൊണ്ട് പോകും. കൂടെ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് കൂടി ചേര്‍ത്ത് പൊടിച്ചു അല്‍പ്പം മണ്ണ് മാറ്റി ഇടാം, ഇട്ട ശേഷം മണ്ണിട്ട് മൂടാം. ഇങ്ങിനെ രണ്ടാഴ്ച-മൂന്നാഴ്ച കൂടുമ്പോള്‍ കൊടുത്താല്‍ ചെടികള്‍ നല്ല ആരോഗ്യത്തോടെ വളരും. ഉണ്ടാകുന്ന കായകള്‍ക്കു രുചിയും കൂടും.
കടല പിണ്ണാക്ക് ദ്രവ രൂപത്തിലും ചെടികള്‍ക്ക് കൊടുക്കാം, ഇതിനായി കടല പിണ്ണാക്ക് കുറച്ചു വെള്ളത്തില്‍ ഇട്ടു 2-3 ദിവസം വെക്കുക. ശേഷം അതിന്റെ തെളി എടുത്തു നേര്‍പ്പിച്ചു ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം. ഇതേ പോലെ വേപ്പിന്‍ പിണ്ണാക്ക് 2 പിടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 2-3 ദിവസം ഇട്ടു വെച്ചത് ഊറ്റി നേര്‍പ്പിച്ചു ചെടികളില്‍ ഒഴിച്ച്/തളിച്ച് കൊടുക്കാം. കീടബാധക്കെതിരെ ഒരു മുന്‍കരുതല്‍ കൂടി ആകും ഇത്.
സി-പോം
കയര്‍ ബോര്‍ഡില്‍ നിന്നുമുള്ള 100 % പ്രകൃതിദത്തമായ ജൈവവളം വളരെ നല്ലതാണ്, വിലക്കുറവുള്ള ഈ വളം ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു. ചീര ഒക്കെ കൃഷി ചെയ്യാന്‍ ഏറ്റവും ബെസ്റ്റ് ആണ് ഇത്. അതിന്റെ വിശദ വിവരങ്ങള്‍ ഇവിടെയുണ്ട്. ഗ്രോ ബാഗിലെ വളപ്രയോഗം സംബന്ധിച്ച നിരവധി വീഡിയോകള്‍ ഞങ്ങളുടെ യൂട്യൂബ് ചാനലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.