കാന്താരി മുളക് കൃഷി രീതി – Bird’s-Eye Chillies Health Benefits And Cultivation Tips
Kanthari Mulaku Krishi – കാന്താരി മുളക് കൃഷി രീതി
ഒരു മലയാളിയോട് കാന്താരി മുളകിന്‍റെ ഗുണങ്ങള്‍ വിശദീകരിക്കണ്ട കാര്യം ഉണ്ടോ ?. ചിലയിടങ്ങളില്‍ ചീനിമുളക് എന്നും അറിയപ്പെടുന്നു. ഉടച്ച കാന്താരി മുളകും പുഴുങ്ങിയ കപ്പയും എന്ന് കേള്‍ക്കുമ്പോഴെ വായില്‍ വെള്ളമൂറും. മലയാളി തഴഞ്ഞ കാന്താരിക്കു ഇന്ന് വന്‍ ഡിമാന്‍ഡ് ആണ്. കിലോയ്ക്ക് മുന്നൂറിന് മേലെ ആണ് വില. പാചകത്തിനും ഔഷധമായും കാന്താരി ഉപയോഗിക്കുന്നു. വാതരോഗം , അജീർണം,വായുക്ഷോഭം, പൊണ്ണത്തടി,പല്ലുവേദന, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ കാന്താരി ഉപയോഗിക്കുന്നു.
ജീവകം സിയുടെ ഉറവിടമാണ് കാന്താരി മുളക്. കാന്താരി പല നിറങ്ങളില്‍ ഉണ്ട്. വെള്ളക്കാന്താരി, പച്ചക്കാന്താരി, നീലക്കാന്താരി, ഉണ്ടക്കാന്താരി എന്നിങ്ങനെ പലയിനം കാന്താരി ഉണ്ട്. പച്ച നിറമുള്ള ചെറിയ കാന്താരിക്കാണ് എരിവ് കൂടുതല്‍. വെള്ളക്കാന്താരിക്ക് എരിവ് താരതമ്യേന അല്‍പ്പം കുറവുമാണ്. കറികളില്‍ ഉപയോഗിക്കുന്നതിന് പുറമെ അച്ചാറിട്ടും ഉണക്കിയും കാന്താരി മുളക് സൂക്ഷിക്കാറാണ്ട്.
നടീല്‍
ഏതു കാലാവസ്ഥയിലും കാന്താരി നന്നായി വളരും. വെയിലോ മഴയോ ഒന്ന് പ്രശ്നമല്ല.നല്ല വെയിലിലും തണലിലും ഉഷ്ണകാലത്തും കാന്താരിവളരും. പ്രത്യേകിച്ച് പരിചരണം ഒന്നും വേണ്ടാത്ത കാന്താരി ഒരു നല്ല കീടനാശിനി കൂടി ആണ്. കാന്താരി മുളക് അരച്ച് സോപ്പ് ലായനിയിൽ കലക്കി കീടനാശിനി ആയി ഉപയോഗിക്കാം. കാന്താരിയും ഗോമൂത്രവും ചേര്‍ന്നാല്‍ കീടങ്ങള്‍ പമ്പ കടക്കും. മറ്റ് കൃഷികളെപ്പോലെ കൃത്യമായ പരിചരണമോ, വളപ്രയോഗമോ ഒന്നും കാന്താരിക്ക് വേണ്ട. വേനല്‍ കാലത്ത് നനച്ചു കൊടുക്കുന്നത് നല്ലതാണ്. ഒന്ന് പിടിച്ചു കിട്ടിയാല്‍ നാലഞ്ച് വര്‍ഷം വരെ ഒരു കാന്താരിചെടി നിലനില്‍ക്കും.
പരിചരണം
പണ്ട് പക്ഷികള്‍ മുഖാന്തിരം കാന്താരി ചെടി മിക്ക പറമ്പുകളിലും തനിയെ വളരുമായിരുന്നു. പകൃതി തന്നെ അതിന്റെ വിതരണം നടത്തിയിരുന്നു. കാന്താരി വിത്ത് മുളപ്പിക്കാനായി മൂത്ത് പഴുത്ത് പാകമായ മുളക് പറിച്ചെടുത്ത് ഉണക്കിയെടുക്കുക. വിത്തുകള്‍ പാകി തൈകള്‍ മുളപ്പിക്കണം. പാകുമ്പോള്‍ വിത്തുകള്‍ അധികം താഴെ പോകാതെ ശ്രദ്ധിക്കുക. നന്നായി വളര്‍ന്നു കഴിഞ്ഞാല്‍ മാറ്റി നടാം. അടിവളമായി ചാണകപ്പൊടിയോ കമ്പോസ്‌റ്റോ നല്‍കാം.കാന്താരിയില്‍ കാര്യമായ കീടബാധ ഉണ്ടാകാറില്ല. മൂടുചീയല്‍ രോഗം കണ്ടാല്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ഉപയോഗിക്കാം.